ശ്രീനഗര്‍: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു. ഇതേതുടര്‍ന്ന് 200 ഓളം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേ ദല്‍വാസിലും മെഹദിലും റംബാന്‍ ജില്ലയിലെ ത്രിശൂല്‍ മോര്‍ ഏരിയയിലും അടച്ചതായി അധികൃതര്‍ പറഞ്ഞു.
അതേസമയം ജമ്മു മേഖലയില്‍ മഴയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും രണ്ടാം ദിവസവും തുടരുകയാണ്. നിലവില്‍ വഴിയില്‍ നിന്ന് പാറക്കഷണങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള ജോലികള്‍ നടക്കുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും പിര്‍ കി ഗലി മേഖലയില്‍ ഉണ്ടായ മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയിലെ ഷോപ്പിയാനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും അടച്ചു.
മോഹു മങ്ങാട് (റംബാന്‍), പിര്‍ കി ഗലി (പൂഞ്ച്), ഗുല്‍ദണ്ഡ, ഭാദെര്‍വയിലെ ചതര്‍ഗല്ല ചുരം (ദോഡ), വാര്‍ഡ്വാന്‍ (കിഷ്ത്വാര്‍), പിര്‍ പഞ്ചല്‍ കുന്നുകള്‍ എന്നീ സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ച രൂക്ഷമാണ്.
മഴ തുടരുന്ന പശ്ചാത്തലത്തില്‍ റമ്പാനിലെ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മഴയും മഞ്ഞും തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.