മുംബൈ: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇനി പുതിയ രൂപത്തിലും നിറത്തിലും. പുതിയ പഞ്ച് ലൈനുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പുതുനിറം കമ്പനി അവതരിപ്പിച്ചത്. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ പറക്കാം എന്നതാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയുടെ പുതിയ പഞ്ച് ലൈന്‍.
ഏത് വേഷക്കാര്‍ക്കും തുല്യ പരിഗണന നല്‍കി നാടിന്റെ തനിമ ചോരാതെ സ്വാഗതമോതുകയാണെന്ന് പുതിയ വിമാനത്തിന്റെ ഡിസൈന്‍ അനാവരണ ചടങ്ങില്‍ കമ്പനി മേധാവികള്‍ വ്യക്തമാക്കി. ചെയര്‍മാന്‍ കാംപ്ബെല്‍ വില്‍സണ്‍, മാനേജിങ് ഡയറക്ടര്‍ അലോക് സിങ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ലിവറിയിലുള്ള വിമാനത്തെ അവതരിപ്പിച്ചത്. ബോയിംഗ് 737-8 എന്ന എയര്‍ക്രാഫ്റ്റ് പുതിയ നിറത്തില്‍ തയ്യാറാക്കി അനാവരണം ചെയ്തു.
അതേസമയം എയര്‍ ഏഷ്യ കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് ലയിക്കുന്നതോടെ എയര്‍ ഏഷ്യ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്തോട് വിട പറയും. ലയനത്തിന് പിന്നാലെ കമ്പനിയുടെ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കും. നിലവില്‍ 56 വിമാനങ്ങളാണ് എയര്‍ലൈന്‍സിനുള്ളത്. അടുത്ത 15 മാസത്തിനുള്ളില്‍ അതോടൊപ്പം 50 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 170 വിമാനങ്ങളായി വളരുമെന്നും അലോക് സിങ് വ്യക്തമാക്കി.