പാലസ്തീന് ഇന്ത്യയുടെ സഹായം; 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു

പാലസ്തീന് ഇന്ത്യയുടെ സഹായം; 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തീവ്രമായ സാഹചര്യത്തില്‍ പാലസ്തീന് സഹായവുമായി ഇന്ത്യ. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു. ഈജിപ്തിലെ എല്‍-അരിഷ് എയര്‍പോര്‍ട്ടിലാണ് ഇന്ത്യ സഹായങ്ങള്‍ എത്തിക്കുന്നത്. ഇവിടെനിന്ന് റാഫ അതിര്‍ത്തിവഴി പാലസ്തീനില്‍ എത്തിക്കും.

ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്വീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇന്ത്യ അയച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയും രംഗത്തിറങ്ങിയത്. പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ടെലഫോണ്‍ സംഭാഷണം നടത്തിയ മോഡി പാലസ്തീന്‍ ജനതയ്ക്ക് സഹായം ലഭ്യമാക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാകുന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.