ഇംഫാല്‍: മണിപ്പൂര്‍ പൊലീസും കേന്ദ്ര സായുധ സേനാംഗങ്ങളും നടത്തിയ ഓപ്പറേഷനില്‍ ആയുധങ്ങളും മയക്കുമരുന്നും പണവും പിടിച്ചെടുത്തു. മ്യാന്‍മര്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ സികെഎല്‍എയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ ഔദ്യോഗിക ഹാന്‍ഡില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പോസ്റ്റ് ചെയ്കയും ചെയ്തു. പിടികൂടിയ ആയുധങ്ങളില്‍ എ.കെ 47, ഇന്‍സാസ്, സ്നൈപ്പര്‍, എം 16 റൈഫിളുകളും വന്‍തോതില്‍ വെടിമരുന്ന് ശേഖരവും ഉള്‍പ്പെടുന്നു. കൂടാതെ ഏകദേശം 2.5 കിലോഗ്രാം ഭാരമുള്ള കറുപ്പ്, 4,86500 രൂപയും മറ്റ് പല വസ്തുക്കളും കണ്ടെടുത്തു.
മണിപ്പൂരിനെയും നമ്മുടെ രാജ്യത്തെയും അസ്ഥിരപ്പെടുത്താന്‍ അയല്‍ രാജ്യങ്ങളായ മ്യാന്‍മറിലും ബംഗ്ലാദേശിലും തീവ്രവാദ സംഘടനകളുടെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ കേസുകള്‍ എടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.