2023ലെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബര്‍ 28ന്; ഇന്ത്യയിലൊട്ടാകെ ദൃശ്യമാകും

2023ലെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബര്‍ 28ന്; ഇന്ത്യയിലൊട്ടാകെ ദൃശ്യമാകും

2023ലെ അവസാന ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28ാം തീയതി നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം അര്‍ധരാത്രിയിലാണ് സംഭവിക്കുക. ഒരു മണിക്കൂറിലേറെ നേരം ചന്ദ്രഗ്രഹണം ദര്‍ശിക്കാനാകും.

ഇന്ത്യയില്‍ എല്ലായിടത്തും ദൃശ്യമാവുന്നതിനു പുറമെ ഇന്ത്യന്‍ മഹാസമുദ്രം, പടിഞ്ഞാറന്‍ പസഫിക് മേഖല, അറ്റ്‌ലാന്റിക്ക് സമുദ്രം, ദക്ഷിണ പസഫിക് സമുദ്രം, എഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാവും.

ചന്ദ്രനും സൂര്യനും ഇടയിലായി ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. ഇതിനെയാണ് ചന്ദ്രഗ്രഹണം എന്നു വിളിക്കുന്നത്.

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറയ്ക്കുന്നതെങ്കില്‍ അതിനെ പൂര്‍ണ ചന്ദ്രഗ്രഹണം എന്നും ഭാഗികമായി മാത്രമാണ് മറയ്ക്കുന്നതെങ്കില്‍ അതിനെ ഭാഗിക ചന്ദ്രഗ്രഹണം എന്നും വിളിക്കുന്നു.

എല്ലാവര്‍ക്കും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് തന്നെ സുരക്ഷിതമായി ചന്ദ്രഗ്രഹണങ്ങള്‍ നോക്കി കാണാനാവും. ബൈനോക്കുലര്‍, ദൂരദര്‍ശിനി എന്നിവ ഉപയോഗിക്കുന്നതിലൂടെ ഗ്രഹണം കൂടുതല്‍ വ്യക്തമായി അടുത്തു കാണാന്‍ സാധിക്കും.

2022 നവംബറിലാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമായത്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബര്‍ 14ന് ആയിരുന്നു. 2025 സെപ്റ്റംബര്‍ 7നാണ് ഇന്ത്യയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന അടുത്ത ചന്ദ്രഗ്രഹണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.