ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. സേവനങ്ങള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.
വിസ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദേഹം പറഞ്ഞിരുന്നു.
കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസാ സര്‍വീസ് നിര്‍ത്തി വെച്ചത്. ഖാലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതലത്തിലെ ശീതയുദ്ധം ആരംഭിച്ചത്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. ഇതിന് പിന്നാലെയാണ് കനേഡിയന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് സെപ്റ്റംബര്‍ 21 മുതല്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.