വെല്ലിങ്ടന്‍: കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് ഇന്ത്യക്കാര്‍ അയയ്ക്കുന്ന ഇ-മെയിലുകള്‍ തുറന്നു നോക്കാറില്ലെന്നും അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിക സ്റ്റാന്‍ഫോഡ്.
ഔദ്യോഗിക മെയിലുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു എറിക. ഔദ്യോഗിക ഇ-മെയിലുകള്‍ പഴ്സനല്‍ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക ഈ അടുത്ത കാലത്ത് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
താന്‍ ഔദ്യോഗിക വിവരാവകാശ നിയമം പാലിക്കാറുണ്ടെന്നാണ് എറിക പാര്‍ലമെന്റില്‍ പറഞ്ഞത്. 'ഇന്ത്യക്കാരുടേതായി നിരവധി മെയിലുകള്‍ വരാറുണ്ട്. എല്ലാം കുടിയേറ്റ വിഷയങ്ങളില്‍ ഉപദേശം തേടിയുള്ള മെയിലുകളാണ്. എന്നാല്‍ അവരുടെ മെയിലുകള്‍ക്ക് മറുപടി അയയ്ക്കാറില്ല. മാത്രമല്ല, തുറന്നു പോലും നോക്കാറുമില്ല. അവയെ സ്പാം ആയാണ് പരിഗണിക്കാറുള്ളത്'- എറിക പറഞ്ഞു.
എറികയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ വംശജയായ എം.പി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാന്‍ഫോഡിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഒരു വംശത്തില്‍ നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ലെന്ന് ന്യൂസിലന്‍ഡിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.