കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സഭാത്മകമായ രീതിയില്‍ പരിഹരിക്കാന്‍ തയ്യാറാകേണ്ട വൈദികര്‍ അതിരൂപതാ കേന്ദ്രം കൈയ്യേറാന്‍ ശ്രമിക്കുന്ന തരത്തിലുള്ള സമര മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ അപലപിച്ചു.
സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനാഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസത്തെയും അഭിമാന ബോധത്തെയും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ചു കാലങ്ങളായി അതിരൂപതാ ആസ്ഥാനത്ത് നടന്നു വരുന്നത്.
പ്രശ്‌ന പരിഹാരത്തിനായുള്ള സാധ്യതകള്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ തേടുമ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്ന ചിന്തയോടെ അതിരൂപതാ കേന്ദ്രത്തിന്റ പ്രവര്‍ത്തങ്ങള്‍ തടസപ്പെടുത്തുന്നതും ക്രൈസ്തവ ജീവിത മാതൃകയുടെ ആള്‍രൂപങ്ങള്‍ ആകേണ്ട വൈദികര്‍ തന്നെ തങ്ങളുടെ ജീവിതാന്തസിന് യോജിക്കാത്ത രീതിയിലുള്ള സമരവുമായി രംഗത്തിറങ്ങുന്നത് വിശ്വാസികള്‍ക്കാകെ ഉതപ്പും ദുര്‍മാതൃകയും നല്‍കുന്നതാണ്.
വൈദികര്‍ അസഹിഷ്ണുതയുടെ പ്രചാരകരാകുന്നത് തികച്ചും അപലപനീയമാണ്. സുവിശേഷത്തിന് യോജിക്കാത്ത ഇത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒരു തലമുറയുടെ തന്നെ വിശ്വാസത്തെയാണ് നശിപ്പിക്കുന്നത്. സഭയില്ലാതായിട്ട് പിടിവാശികള്‍ വിജയിച്ചിട്ടെന്താണ് കാര്യമെന്ന് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.
സീറോ മലബാര്‍ സഭയുടെ അഭിമാനത്തിനും വിശ്വാസ പൈതൃകത്തിനും ഇനിയും ക്ഷതമേല്‍പിക്കാതെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നു മനസോടെയുള്ള ചര്‍ച്ചകളിലൂടെയും എന്നാല്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയും പരിഹരിക്കണമെന്ന് മീഡിയ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.