ഒരു മാസത്തേയ്ക്ക് സമ്പൂര്‍ണ ഷട്ട്ഡൗണ്‍: മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നു; സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായേക്കും

ഒരു മാസത്തേയ്ക്ക് സമ്പൂര്‍ണ ഷട്ട്ഡൗണ്‍: മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നു; സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായേക്കും

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടച്ചിടും. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും എന്നാണ് വിലയിരുത്തല്‍. താല്‍കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം നിലയ്ക്കുന്നതോടെ മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ നല്ല തോതില്‍ മഴ ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നാണിത്. പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിന് സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലം എത്തിക്കുന്നത്. തൊടുപുഴ ആറിലേക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്.

സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് വരെ ഉല്‍പാദിപ്പിക്കുന്നത് മൂലമറ്റം പവര്‍ ഹൗസിലാണ്. ജൂലൈയില്‍ തീരുമാനിച്ചിരുന്ന അറ്റകുറ്റപ്പണി കനത്ത മഴയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. പെന്‍സ്റ്റോക്ക് പൈപ്പുകളിലെ വാല്‍വുകളുടെ സീല്‍ മാറ്റുന്നത് ഉള്‍പ്പെടെ ശ്രമകരമായ ജോലികളാണ് ഈ കാലയളവില്‍ പൂര്‍ത്തികരിക്കാനുള്ളത്. മഴക്കാലമായതിനാലും വൈദ്യുതി ഉപയോഗം കുറവായതിനാലും സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ നിഗമനം.

ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് ഭൂമിക്കടിയിലാണ് പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇടുക്കി ജല സംഭരണിയും ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും, ഏഴ് ഡൈവേര്‍ഷന്‍ അണക്കെട്ടുകളും മൂലമറ്റം പവര്‍ ഹൗസുമാണ് ഉള്‍പ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.