പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയും; പുതിയ ഫീച്ചറുമായി പേടിഎം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയും; പുതിയ ഫീച്ചറുമായി പേടിഎം

മുംബൈ: പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഉപയോക്താക്കള്‍ക്ക് യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഇന്ത്യന്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഓണ്‍ലൈനായി ഷോപ്പിങ് നടത്തിയോ ഇടപാട് നടത്താന്‍ കഴിയുമെന്ന് പേടിഎം അറിയിച്ചു. അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേകളുടെയോ കറന്‍സി മാറ്റുന്നതിന്റെയോ ആവശ്യമില്ലാതെ തന്നെ ഈ ഫീച്ചര്‍ ഉപയോഗിച്ച് പ്രവാസികള്‍ക്ക് ഇടപാട് നടത്താന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

പ്രവാസികള്‍ക്ക് അവരുടെ സ്വന്തം അക്കൗണ്ടുകള്‍ക്കിടയില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനോ ഏതെങ്കിലും യുപിഐ ഐഡിയിലേക്കോ യുപിഐ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്കോ തല്‍ക്ഷണം പണം അയയ്ക്കാനോ കഴിയും. ഇത് കാലതാമസമില്ലാതെയുള്ള പണമടയ്ക്കല്‍ സാധ്യമാക്കും. ഉയര്‍ന്ന വിദേശ വിനിമയ നിരക്ക് ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന വിധം:

*പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തുറക്കുക.

*അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

*ഇടപാടുകള്‍ തല്‍ക്ഷണം നടത്തുന്നതിന് എസ്എംഎസ് വഴി നമ്പര്‍ വെരിഫൈ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.