ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികതയും പരസ്പര സമ്മതമില്ലാത്ത സ്വവര്‍ഗരതിയും ക്രിമിനല്‍ കുറ്റമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ. പാര്‍ലിമെന്ററി സ്ഥിരം സമിതി കേന്ദ്ര സര്‍ക്കാറിന് കൈമാറാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമം അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടിലാണ് സിമിതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സുപ്രീം കോടതി വിധി പരിഗണിച്ച് വിവാഹേതര ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗിക ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഭാരതീയ ശിക്ഷാ നിയമത്തില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. 2018ലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഇവ രണ്ടും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
ഇത് പരിഗണിച്ച് ഐപിസിയുടെ ഈ നിയമങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പിന്നീട് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അവലോകനം ചെയ്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉന്നയിച്ചു. വിവാഹം പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശയാണ് പാര്‍ലിമെന്ററി സിമിതി നല്‍കിയത്.