തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് വിഷയത്തില്‍ ആവശ്യമായ നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നാണ് വനംവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം എന്നതും ശ്രദ്ധേയമാണ്. ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നടക്കം പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. നിലമ്പൂരില്‍ പി.വി അന്‍വര്‍ അടക്കം ശക്തമായി ഉന്നയിച്ച വിഷയങ്ങളില്‍ ഒന്നുകൂടിയായിരുന്നു വന്യജീവി പ്രശ്‌നം. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം ശക്തമായ പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.