'വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല'; ഷൗക്കത്തിന്റെ സാധ്യതയില്‍ അതൃപ്തിയുമായി അന്‍വര്‍

'വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല'; ഷൗക്കത്തിന്റെ സാധ്യതയില്‍ അതൃപ്തിയുമായി അന്‍വര്‍

അന്‍വര്‍ നിലപാട് കടുപ്പിച്ചാല്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാകും.

മലപ്പുറം: ക്രൈസ്തവ സമുദായത്തിന് 20 ശതമാനം പ്രാധിനിത്യമുള്ള വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ലെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വര്‍. ഈ വിഷയം കൂടി കണക്കിലെടുത്താണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ താന്‍ വി.എസ് ജോയിയുടെ പേര് നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനാണ് മുഖ്യ പരിഗണനയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദേഹം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ വിലയിരുത്തലാകുമെന്നും ഏത് ചെകുത്താനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നാണ് ഇന്നലെ അന്‍വര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ന് അദേഹം നിലപാടില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. താന്‍ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നാണ് അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

നിലമ്പൂര്‍ മണ്ഡലത്തിലെ ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ചാണ് അന്‍വര്‍ 2016 ല്‍ മണ്ഡലം സ്വന്തമാക്കിയത്. 1980 മതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂര്‍. അതാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പി.വി അന്‍വര്‍ ഇടത് പിന്തുണയിലൂടെ അട്ടിമറിച്ചത്.

നിലമ്പൂരിലെ പ്രത്യേക സാഹചര്യത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരായ നിലപാട് അന്‍വര്‍ കടുപ്പിച്ചാല്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാകും. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്ന ആര്യാടന്‍ പാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നതാണ് പ്രശ്‌നം.

അതേസമയം നിലമ്പൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള അന്‍വറിന്റെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്താല്‍ ആര്യാടന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാതാവും. ഇത് എല്‍ഡിഎഫ് മുതലാക്കുകയും ഷൗക്കത്തിനെ ഇടത് പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥി ആക്കുകയും ചെയ്താല്‍ യുഡിഎഫ് പ്രതിരോധത്തിലാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.