ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന് സാധ്യത: റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കുമെന്ന് മോഡി ഉറപ്പ് തന്നായി ട്രംപ്: തീരുവയില്‍ വന്‍ ഇളവ് ഉണ്ടായേക്കും

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന് സാധ്യത: റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കുമെന്ന് മോഡി ഉറപ്പ് തന്നായി ട്രംപ്: തീരുവയില്‍ വന്‍ ഇളവ് ഉണ്ടായേക്കും

ന്യൂഡല്‍ഹി: ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന് സാധ്യത. ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവയില്‍ ട്രംപ് വന്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള 50 ശതമാനം തീരുവ 15 മുതല്‍ 16 ശതമാനം വരെ ആയി കുറച്ചേക്കും.

എന്നാല്‍ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഊര്‍ജ്ജവും കൃഷിയും അടിസ്ഥാനപ്പെടുത്തിയാണ് കരാര്‍. പടിപടിയായി റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താന്‍ സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമായും വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും അദേഹം വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് ഉറപ്പ് തന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു.

ട്രംപുമായി സംസാരിച്ചുവെന്ന് നരേന്ദ്ര മോഡിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്ന കാര്യത്തില്‍ അദേഹം വ്യക്തത വരുത്തിയിട്ടില്ല. ഫോണ്‍ വിളിച്ച് ദീപാവലി ആശംസ നേര്‍ന്നതിന് ഡൊണാള്‍ഡ് ട്രംപിന് നന്ദി എന്നായിരുന്നു മോഡി എക്‌സില്‍ കുറിച്ചത്.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന തരത്തതില്‍ ഇന്ത്യ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യക്കുമേല്‍ അധിക തീരുവ ചുമത്തിയത്. ആദ്യ ഘട്ടത്തില്‍ 25 ശതമാനം തീരുവയായിരുന്നു ചുമത്തിയത്. എന്നാല്‍ ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് പോകാത്ത സാഹചര്യത്തില്‍ വീണ്ടും 25 ശതമാനം കൂടി വര്‍ധിപ്പിച്ച് 50 ശതമാനം ആക്കി ഉയര്‍ത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.