വാഷിങ്ടണ്‍: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടു കടത്തണമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത ഫ്‌ളോറിഡയിലെ കൗണ്‍സിലര്‍ ചാന്‍ഡ്‌ലര്‍ ലാംഗെവിനെ, പോസ്റ്റ് വിവാദമായതിന് പിന്നാലെ പാംബേ സിറ്റി കൗണ്‍സില്‍ താക്കീത് ചെയ്തു.
തുടര്‍ന്ന് വിവാദങ്ങളടങ്ങിയ പോസ്റ്റുകളില്‍ ഒരെണ്ണം അദേഹം ഡിലീറ്റ് ചെയ്‌തെങ്കിലും വിവാദ പരാമര്‍ശങ്ങളില്‍ ഖേദ പ്രകടനം നടത്താന്‍ തയ്യാറായില്ല.
'അമേരിക്കയുടെ കാര്യത്തില്‍ ഒരൊറ്റ ഇന്ത്യക്കാരനും കരുതലില്ല' എന്ന് ലാംഗെവിന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സാമ്പത്തികമായ ചൂഷണം ചെയ്യാനും ഇന്ത്യയെ സമ്പന്നമാക്കാനും വേണ്ടിയാണ് ഇന്ത്യക്കാര്‍ ശ്രമിക്കുന്നതെന്നാണ് അദേഹത്തിന്റെ പ്രധാന ആരോപണം.
എന്നാല്‍, പോസ്റ്റ് വിവാദമായതോടെ താല്‍കാലിക വിസക്കാരെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അമേരിക്കയിലുള്ള ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചല്ലെന്നും തിരുത്തി.
ഒക്ടോബര്‍ രണ്ടിന് ലാംഗെവിന്‍ മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഇന്ന് എന്റെ പിറന്നാളാണ്. യു.എസിലെ എല്ലാ ഇന്ത്യക്കാരുടേയും വിസ പിന്‍വലിച്ച് ട്രംപ് ഉടനടി അവരെ നാടുകടത്തണം. അമേരിക്ക അമേരിക്കക്കാര്‍ക്കുള്ളതാണ്' എന്നായിരുന്നു കുറിപ്പ്. ഇന്ത്യക്കാര്‍ അമേരിക്കക്കാരുടെ പോക്കറ്റ് ഊറ്റിയെടുക്കാന്‍ മാത്രമാണ് അമേരിക്കയിലുള്ളതെന്നും അദേഹം കുറ്റപ്പെടുത്തിയിരുന്നു.