പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ ഇനിയും തീരുമാനമാകാതെ മഹാഗഡ് ബന്ധന്‍. സഖ്യ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഓരോ പാര്‍ട്ടികളും വെവ്വേറെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടതോടെ 12 മണ്ഡലങ്ങളില്‍ സഖ്യകക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടേണ്ട സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.
ആറ് സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുമ്പോള്‍, സിപിഐയും കോണ്‍ഗ്രസും നാല് മണ്ഡലങ്ങളില്‍ നേര്‍ക്കുനേരാണ്. മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി)യും ആര്‍ജെഡിയും ചെയിന്‍പൂര്‍, ബാബുബര്‍ഹിയിലും ഏറ്റുമുട്ടും.
തിങ്കളാഴ്ച ആര്‍ജെഡി 143 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയതോടെയാണ് ചിത്രം വ്യക്തമായത്. ഇതില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. വൈശാലി, സിക്കന്ദ്ര, കഹല്‍ഗാവ്, സുല്‍ത്താന്‍ഗഞ്ച്, നര്‍ക്കതിയാഗഞ്ച്, വാര്‍സലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതേസമയം, ബച്വാര, രാജപാക്കര്‍, ബീഹാര്‍ ഷെരീഫ്, കാര്‍ഘര്‍ എന്നിവിടങ്ങളില്‍ സിപിഐയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തി.
രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ 23 ഓടെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കര്‍, ബീഹാര്‍ ഷെരീഫ് എന്നിവിടങ്ങളില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇതിനകം അവസാനിച്ചതിനാല്‍ നേരിട്ട് ഏറ്റുമുട്ടല്‍ ഉണ്ടാകും.
സീറ്റ് വിഭജനത്തിലെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചര്‍ച്ചകളും നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 20 ന് അവസാനിച്ചിട്ടും മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മഹാസഖ്യത്തിലെ ആഭ്യന്തര സംഘര്‍ഷം പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും നിരവധി മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാന്‍ രംഗത്തെത്തി.
എന്‍ഡിഎക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സീറ്റുകളില്‍ മഹാസഖ്യം വാക്ക് ഓവര്‍ നല്‍കിയെന്ന് അദേഹം പറഞ്ഞു. 29 സീറ്റുകളിലാണ് പാസ്വാന്റെ പാര്‍ട്ടി മത്സരിക്കുന്നത്.