കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുന്‍പായി വന്‍ പ്രതിഷേധം

കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുന്‍പായി വന്‍ പ്രതിഷേധം

കോഴിക്കോട്: പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍ നടത്തിയതോടെ കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. പുതിയ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം.

പാളയം മാര്‍ക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രതിഷേധത്തിനിടെ കല്ലുത്താന്‍ കടവിലെ പുതിയ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുകയും ചെയ്തു.
നല്ല കാര്യങ്ങള്‍ നടന്നാല്‍ അത് നല്ലതാണെന്ന് അംഗീകരിക്കാല്‍ പ്രയാസമാണെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലര്‍ മാറുകയാണ്.

നല്ലകാര്യത്തിന് എല്ലാവരും ഒത്തുചേരുക എന്നതാണ് പ്രധാനം. നമ്മളില്ലെന്ന് ഒരു കൂട്ടര്‍ മുന്‍കൂട്ടി പറയുകയാണ്. ഇപ്പോ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങി. എന്തിനാണ് നാടിന്റെ ഒരു നല്ലകാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയാന്‍ തയ്യാറാവുന്നത്. എന്താണ് അതിന് പിന്നിലുള്ള ചേതോവികാരം മുഖ്യമന്ത്രി ചോദിച്ചു.

നാടിന് ഗുണകരമായിട്ടുള്ളതാണെങ്കില്‍ അതിനെ അനുകൂലിക്കുകയല്ലേ എല്ലവരും ചെയ്യേണ്ടത്. ഭരണാധികാരികള്‍ കൃത്യതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കാതെ വന്നാല്‍ പ്രതിപക്ഷം അതിനെ വിമര്‍ശിക്കുന്നത് മനസിലാകും. നാടിന്റെ വികസനത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ അനുകൂലിക്കാതിരിക്കാമോ? എല്ലാ കാര്യത്തെയും എതിര്‍ക്കാനാണോ പ്രതിപക്ഷം. നല്ല കാര്യങ്ങള്‍ അംഗീകരിക്കയും അവ നടപ്പാക്കാന്‍ പിന്തുണ നല്‍കുകയുമല്ലേ പ്രതിപക്ഷം ചെയ്യേണ്ടത്. അടുത്ത കാലത്തായി കേരളത്തില്‍ ഈ പ്രവണത ശക്തിപ്പെട്ട് വരികയാണ്. ഈ കാലത്ത് നേട്ടമൊന്നും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. കണ്‍മുന്നിലുളള നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാളയം മാര്‍ക്കറ്റില്‍ തന്നെ വ്യാപാരം തുടരുമെന്നും കല്ലുത്താന്‍കടവിലെ പുതിയ മാര്‍ക്കറ്റിലേക്കു മാറില്ലെന്നുമാണ് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ പറയുന്നത്. നല്ല മുറികള്‍ മറ്റ് പലരും സ്വന്തമാക്കിയതിനു ശേഷമാണ് പാളയത്തെ വ്യാപാരികള്‍ക്ക് പുതിയ സമുച്ചയത്തില്‍ മുറി അനുവദിച്ചതെന്നും പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും ഇവര്‍ പറയുന്നു. പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലെ കടകളില്‍ പഴങ്ങളും പച്ചക്കറിയും ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും പാളയം മാര്‍ക്കറ്റ് ഒരു കാരണവശാലും ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് മാറ്റരുതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.