തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
വിധവയായ സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് നടപടി. സസ്പെന്‍ഡ് ചെയ്ത വിവരം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
ജോസ് ഫ്രാങ്ക്ളിന്‍ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നും ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീ ആരോപിച്ചിരുന്നു.
കഴിഞ്ഞ എട്ടാം തിയതിയാണ് നെയ്യാറ്റിന്‍കര സ്വദേശി ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ആദ്യം അപകട മരണമെന്ന് കരുതിയെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കള്‍ക്ക് എഴുതിയതെന്ന് കരുതുന്ന നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നത്.
നാല് മാസം മുന്‍പ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നു പറഞ്ഞ് ജോസ് ഫ്രാങ്ക്ളിന്‍ തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ജോസ് ഫ്രാങ്ക്‌ളിന്‍ നിരന്തരം കടയിലെത്തി ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിലുണ്ട്.
വീട്ടമ്മയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്.