ന്യൂഡല്‍ഹി: ഇന്ത്യന്‍ ജാവലിന്‍ താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ നീരജ് ചോപ്രയുടെ കുടുംബവും എത്തിയിരുന്നു. നീരജിനെ സ്ഥിരോത്സാഹത്തിന്റെയും ദേശ സ്നേഹത്തിന്റെയും പ്രതീകമായാണ് രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്. കായിക മേഖലയില്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തിലായിരുന്നു.
2016 ഓഗസ്റ്റ് 26 ന് നീരജ് ഇന്ത്യന്‍ ആര്‍മിയില്‍ നായിക് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായി നിയമിതനായിരുന്നു. പിന്നീട് 2024 ല്‍ സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ടോക്യോ ഒളിമ്പിക്സില്‍ ജാവലിനില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിന് പിന്നാലെ 2022 ജനുവരിയില്‍ രജ്പുത്താന റൈഫിള്‍സ് അദേഹത്തെ പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചു. 2018 ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2021 ല്‍ ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചു. 2022 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
2023 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയി. ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് കൂടിയാണ് നീരജ്.
അതേസമയം നീരജ് ചോപ്രയ്ക്ക് അടുത്തിടെ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ലോക കിരീടം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. 84.03 മീറ്റര്‍ ദൂരം പിന്നിട്ട് അദേഹം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.