പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്ത് നിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതാണ് നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്‍ഡിങ്ങിനോ യാതൊരു തരത്തിലും ഉള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയ്യാറാക്കി കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയ്യാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു. രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡിയും വ്യക്തമാക്കി.
രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എത്തുന്ന ഹെലിക്കോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറക്കിയത്.