ബിജെപിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വികസിത് സങ്കല്‍പ് ഭാരതയാത്ര തടഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ബിജെപിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വികസിത് സങ്കല്‍പ് ഭാരതയാത്ര തടഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന വികസിത് സങ്കല്‍പ് ഭാരതയാത്രക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഭാരതയാത്രക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്ന ക്യാംപെയ്‌നാണ് വികസിത് സങ്കല്‍പ് ഭാരതയാത്ര. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരികുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ അഞ്ചുവരെ കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികളുടെ പ്രചാരണ യാത്ര നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരകരായി സൈനികരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നതിന് എതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള നിയോജക മണ്ഡലങ്ങളില്‍ 2023 ഡിസംബര്‍ 5 വരെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വികസിത് സങ്കല്‍പ് പദയാത്ര ഇപ്പോള്‍ നടത്തില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടത്തൂവെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യാഴാഴ്ച അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.