കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി.
സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് സിറാജിന്റെ പരാതിയില്‍ പറയുന്നത്.
2022 ഫെബ്രുവരി 22 ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം കളക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു. കരാര്‍ പ്രകാരം 2022 നവംബര്‍ 30 ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തതിന്റെ പണം മാത്രമെ വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളൂ. ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. യഥാര്‍ഥത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളെ കഴിഞ്ഞിരുന്നുള്ളൂ. സിനിമ നിര്‍മ്മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പണമൊന്നും ചെലവായിട്ടില്ല. ആദ്യം 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. ലാഭവിഹിതം കിട്ടാത്തതിനാലാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. മാജിക് ഡ്രീംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫനില്‍ നിന്ന് അമിത പലിശയ്ക്ക് വാങ്ങിയെന്ന് പറയുന്നതിലും ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു.
ഇത് തിരികെ നല്‍കുന്നതിന് 11 കോടി രൂപ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തില്‍ നിന്ന് പരാതിക്കാരനെ ഇടപെടുത്തി വാങ്ങി. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം. 22 കോടി രൂപ സിനിമയുടെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 18.5 കോടി രൂപയാണ് ചെലവായതെന്ന് കണ്ടെത്തി. കേസെടുത്തതിനെ തുടര്‍ന്നാണ് 5.90 കോടി രൂപയെങ്കിലും പരാതിക്കാരന് കൊടുക്കാന്‍ തയ്യാറായതെന്നും പൊലീസ് വിശദീകരിച്ചു.
പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. 27 ന് സൗബിനടക്കമുള്ളവരോട് ചോദ്യം ചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.