വാഷിങ്ടണ്‍: മലയാളിയായ നിത്യ രാമന്‍ ലോസ് ആഞ്ജലസിലെ ആദ്യ ഏഷ്യന്‍-അമേരിക്കന്‍ മേയര്‍. 51.1 ശതമാനം വോട്ടുകള്‍ നേടിയാണ് നാല്‍പത്തഞ്ചുകാരിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിത്യ, എതിരാളിയും നിലവിലെ മേയറുമായ കരേന്‍ ബാസിനെ പരാജയപ്പെടുത്തിയത്. കരേന്‍ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിത്യയുടെ അമ്മയുടെ നാട് തൃശൂരും അച്ഛന്റെ നാട് തിരുവനന്തപുരവുമാണ്. 1981 ല്‍ ആണ് നിത്യയുടെ ജനനം. അച്ഛന്‍ വെങ്കിട്ടരാമന്‍ തിരുവനന്തപുരം കെല്‍ട്രോണില്‍ എന്‍ജിനീയറായിരുന്നു. തൃശൂരില്‍ ജനിച്ചെങ്കിലും ആദ്യ രണ്ടര വര്‍ഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമന്‍ ഉന്നത പഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശൂരിലേക്ക് പോയത്.
നടന നികേതനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീയ വിദ്യാ ഭവനിലായിരുന്നു എല്‍.കെ.ജി മുതല്‍ ഒന്നാം ക്ലാസുവരെ പഠനം. ആറാം വയസോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ ബിരുദത്തിന് ശേഷം നാല് വര്‍ഷം ഇന്ത്യയില്‍ തങ്ങി. നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു കാരണം. ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യം പഠിച്ചു.
ഹോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ വാലി ചന്ദ്രശേഖരനുമായുള്ള 2010 ലെ വിവാഹമാണ് ഇന്ത്യയില്‍ നടന്ന മറ്റൊരു മുഹൂര്‍ത്തം. ബംഗളൂരുവിലായിരുന്നു അത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശൂര്‍ ശാഖകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏക സഹോദരന്‍ ആകാശ് രാമന്‍ ന്യൂയോര്‍ക്കില്‍ ഫിനാന്‍ഷ്യല്‍ മേഖലയിലാണ്.