എത്യോപ്യയില്‍ വീണ്ടും അക്രമി സംഘത്തിന്റെ വെടിവെപ്പ്; 34 ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: മൂന്നാഴ്ചയ്ക്കിടെ വധിക്കപ്പെട്ടത് 94 പേര്‍

എത്യോപ്യയില്‍ വീണ്ടും അക്രമി സംഘത്തിന്റെ വെടിവെപ്പ്; 34 ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: മൂന്നാഴ്ചയ്ക്കിടെ വധിക്കപ്പെട്ടത് 94 പേര്‍

അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 34 ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.

റോബ് ജില്ലയിലെ എന്‍ഡാറ്റോ ഗ്രാമത്തില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വീടുകളും കടകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 94 ആയി.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. ഒക്ടോബര്‍ 20, 24 തിയതികളില്‍ മെര്‍ട്ടി, ഷിര്‍ക്ക എന്നീ മേഖലകളില്‍ നടന്ന ആക്രമണങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നതായി സഭ വ്യക്തമാക്കി.

ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഭാ നേതൃത്വം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടു.

നേരത്തെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുപതോളം പ്രതികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വീണ്ടും ആക്രമണമുണ്ടായത് ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.

മൂന്ന് കോടിയിലധികം വിശ്വാസികളുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തവാഹെഡോ സഭയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.