അടിയന്തരാവസ്ഥയെ രാജീവ് ഗാന്ധി എതിര്‍ത്തിരുന്നു; ഇന്ത്യയുടെ ഘടനയ്ക്ക് ബിജെപി വലിയ നാശമുണ്ടാക്കി: സോണിയ ഗാന്ധി

അടിയന്തരാവസ്ഥയെ രാജീവ് ഗാന്ധി എതിര്‍ത്തിരുന്നു; ഇന്ത്യയുടെ ഘടനയ്ക്ക് ബിജെപി വലിയ നാശമുണ്ടാക്കി: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975 ല്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രാജീവ് ഗാന്ധി എതിര്‍ത്തതായി സോണിയ ഗാന്ധി. രാജ്യത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ നിരന്തരം അറിയിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു.

'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച് 'ദ ഹിന്ദു' ദിന പത്രത്തിന്റെ പത്രാധിപര്‍ എന്‍. റാമിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ദിരയുമായി അടുപ്പമുണ്ടായിരുന്ന ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അടിയന്തരാവസ്ഥയില്‍ എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ സ്വന്തം വിവേകത്തിലൂടെ സാഹചര്യങ്ങള്‍ മനസിലാക്കി ഇന്ദിരാ ഗാന്ധി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചു.

അതിക്രമങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും സഞ്ജയ് ഗാന്ധിയുടെ മേല്‍ കെട്ടി വെക്കാനാകില്ല. അന്നത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഇന്ദിരാഗാന്ധിക്ക് സമ്മര്‍ദമുണ്ടായിരുന്നുവെന്നും സോണിയ പറഞ്ഞു.

തന്റെ സ്വന്തം കഥ പറയണമെന്ന് തോന്നിയ നിമിഷത്തിലാണ് പുസ്തകം എഴുതാന്‍ തീരുമാനമെടുത്തതെന്ന് സോണിയ വ്യക്തമാക്കി. സോണിയയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന 75 ഓളം പുസ്തകങ്ങളുണ്ടെന്ന് എന്‍. റാം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.

തന്നെക്കുറിച്ച് ഇത്രയധികം പുസ്തകങ്ങള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും തന്നെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഒരിക്കലും തോന്നിയിട്ടില്ലെന്നും സോണിയ പറഞ്ഞു.

അഭിമുഖത്തില്‍ സോണിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ഘടനയ്ക്ക് തന്നെ ബിജെപി വലിയ നാശമുണ്ടാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും ഘടനയ്ക്ക് വലിയ നാശം സംഭവിച്ചു. ആ നഷ്ടം ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സര്‍ക്കാര്‍ പോയാലും നമ്മുടെ സംവിധാനങ്ങള്‍ പഴയതുപോലെയാക്കാന്‍ സമയമെടുക്കും.

ബിജെപിയുമായും ആര്‍.എസ്.എസുമായും കോണ്‍ഗ്രസ് ഒരിക്കലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയുമില്ല. രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ ചിലപ്പോഴൊക്കെ ഒഴിവാക്കാനാവാത്തതാണ്.

ഞങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പങ്കിടാത്ത ചിലരുമായി കൈകോര്‍ക്കേണ്ടി വന്നപ്പോള്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ള രാഷ്ട്രീയ തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നു. എന്നാല്‍ അത് ഒരിക്കലും എളുപ്പമായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും തന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ആര്‍.എസ്.എസില്‍ നിന്ന് കോണ്‍ഗ്രസിന് പഠിക്കാനൊന്നുമില്ല. മോഡി പിന്നാക്ക സാഹചര്യത്തില്‍ നിന്ന് ആര്‍.എസ്.എസിലൂടെ രാഷ്ട്രീയ അധികാരത്തിലെത്തിയെന്നത് അംഗീകരിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.