ചണ്ഡീഗഡ്: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം. 12508 നമ്പര്‍ കര്‍മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകള്‍ക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്.
പട്യാലയിലുള്ള ബസന്ത്പുര റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമൃത്സറിനും ന്യൂ ജയ്പാല്ഗുഡിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്‍ജിനില്‍ നിന്ന് അഞ്ചാമത്തെ കോച്ചിലെ ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് റെയില്‍വേ പൊലീസിലെ എസ്എച്ച്ഒയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് മറ്റ് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു.
തീയും പുകയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. യാത്ര മുടങ്ങിയവര്‍ക്ക് മറ്റൊരു ട്രെയിനില്‍ സൗകര്യം ഒരുക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. കോച്ചുകള്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.