ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ മുഴുവന്‍ കെപിസിസി ഭാരവാഹികള്‍ക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അധികാരത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ ശക്തമായി നേരിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ കെപിസിസിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എം.ആര്‍ രമേശ് ബാബു നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. 'ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്' എന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായാണ് കോടതിയുടെ നിരീക്ഷണം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദമായ പരിശോധന നടത്തുന്നതിനായി സുപ്രീം കോടതി അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കെപിസിസി ഭാരവാഹികള്‍ നോട്ടീസിന് കൃത്യമായ മറുപടി നല്‍കേണ്ടി വരും.
ഒക്ടോബര്‍ 12 നാണ് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയും പിന്നീട് പിന്‍വലിക്കുകയുമായിരുന്നു.