മാര്‍പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് തുടക്കമായി; ഉറുഗ്വേയില്‍ ഊഷ്മള സ്വീകരണം

മാര്‍പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് തുടക്കമായി; ഉറുഗ്വേയില്‍ ഊഷ്മള സ്വീകരണം

മൊന്തെവീദിയോ: ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ആദ്യ ദിനത്തില്‍ ഉറുഗ്വേയിലെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം.

ഉറുഗ്വേയുടെ തലസ്ഥാനമായ മൊന്തെവീദിയോയിലുള്ള കാരാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാപ്പയെ ഭരണാധികാരികളും സഭാ നേതൃത്വവും ചേര്‍ന്ന് സ്വീകരിച്ചു. ഉറുഗ്വേയുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ പൊതുനന്മ, മനുഷ്യന്റെ അന്തസ്, കുടുംബ മൂല്യങ്ങള്‍, പരസ്പര സഹകരണം എന്നിവയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന് പാപ്പ രാജ്യത്ത് നടത്തിയ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു.

ദീര്‍ഘ കാലത്തെ മതേതര പാരമ്പര്യമുള്ള ഒരു രാജ്യത്ത് വിശ്വാസവും പൊതുജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എടുത്തു പറഞ്ഞ പാപ്പ, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്വാതന്ത്ര്യത്തോടും ആദരവോടും കൂടി ഒരുമിച്ചു ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുക എന്നത് ഒരു മതേതര സര്‍ക്കാരിന്റെ കടമയാണെന്ന് വ്യക്തമാക്കി.

അധികാരം ജനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് ഭരണാധികാരികളുടെ കടമ. പൗരന്മാരുടെ സ്വാതന്ത്ര്യം മാനിച്ചും ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പാലിക്കാന്‍ സഹായിച്ചും പൊതുനന്മയ്ക്കായി അധികാരം വിനിയോഗിക്കണമെന്ന് രാഷ്ട്രീയ നേതൃത്വത്തോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സ്‌ക്വയറില്‍ നിന്ന് മെട്രോപൊലീത്തന്‍ കത്തീഡ്രലിലേക്കുള്ള വഴിയില്‍ മാര്‍പാപ്പ കടന്നു പോകുന്നതും കാത്ത് വഴിയിലുടനീളം നിരവധി പേരുണ്ടായിരുന്നു. കുട്ടികളില്‍ ചിലര്‍ വൈദികരുടെയും സന്ന്യാസിനിമാരുടെയും വേഷത്തിലും മറ്റുള്ളവര്‍ ഡോക്ടര്‍മാരുടെയും ഫയര്‍ ഫൈറ്റര്‍മാരുടെയും വേഷത്തിലുമാണ് എത്തിയത്. ഒരു പെണ്‍കുട്ടി മാര്‍പാപ്പയോട് ആലിംഗനം ചോദിച്ചു കൊണ്ടുള്ള ഒരു പ്ലാക്കാര്‍ഡും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

കത്തീഡ്രലില്‍ സന്ധ്യാ പ്രാര്‍ഥനയ്ക്കായി മാര്‍പാപ്പ എത്തുന്നതും കാത്ത് നിരവധി ആളുകളുണ്ടായിരുന്നു. സന്ധ്യാ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വൈദികരോടും സന്ന്യാസിമാരോടും സെമിനാരി വിദ്യാര്‍ഥികളോടും സംസാരിക്കവെ, രോഗികളെ പരിചരിക്കുന്നതു മുതല്‍ ഭക്ഷണം തയ്യാറാക്കുന്നതു വരെയുള്ള കാര്യങ്ങളിലൂടെ വര്‍ഷങ്ങളോളം മറ്റുള്ളവരെ പരിചരിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.

മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം ഇന്നും തുടരും. നവംബര്‍ എട്ടിന് ഉറുഗ്വേയില്‍ നിന്ന് യാത്ര തിരിക്കുന്ന പാപ്പ 11 വരെ അര്‍ജന്റീനയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. യാത്രയുടെ അവസാന ഘട്ടത്തില്‍ നവംബര്‍ 11 മുതല്‍ 17 വരെ ലിയോ പതിനാലാമന്‍ പാപ്പ പെറുവില്‍ സന്ദര്‍ശനം നടത്തും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.