'മിന്നലുകള്‍ പ്രകൃതിയുടെ സ്വന്തം വെടിക്കെട്ടു പോലെ'; ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഭൂമിയുടെ അപൂര്‍വ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശുഭാംശു ശുക്ല

'മിന്നലുകള്‍ പ്രകൃതിയുടെ സ്വന്തം വെടിക്കെട്ടു പോലെ'; ബഹിരാകാശത്ത് നിന്ന്  പകര്‍ത്തിയ  ഭൂമിയുടെ അപൂര്‍വ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശുഭാംശു ശുക്ല

ന്യൂഡല്‍ഹി: ഭൂമിയിലുണ്ടാകുന്ന ഇടി മിന്നലിന്റെ ബഹിരാകാശത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. ദീപാവലി പടക്കങ്ങള്‍ പൊട്ടുമ്പോഴുള്ള ദൃശ്യങ്ങള്‍ക്ക് സമാനമാണിവ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് (ഐ.എസ്.എസ്) പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ഭൂമിക്ക് മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുമ്പോള്‍ താഴെ മേഘങ്ങള്‍ക്കും അന്തരീക്ഷത്തിനും ഇടയില്‍ മിന്നലുകള്‍ പ്രകാശിക്കുന്ന ദൃശ്യങ്ങളാണിവ.

ദീപാലി ദിനത്തിന് തൊട്ടു തലേന്നാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിയെയും ബഹിരാകാശ യാത്രയ്ക്കിടെ താന്‍ കണ്ട വിസ്മയ കാഴ്ചകളെയും തമ്മില്‍ ബന്ധിപ്പിച്ച കുറിപ്പും ദൃശ്യങ്ങള്‍ക്കൊപ്പം ശുഭാംശു ശുക്ല പങ്കുവച്ചിട്ടുണ്ട്. 2025 ജൂണില്‍ ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ബഹിരാകാശ യാത്രക്കിടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി.

ദീപാവലി എന്നും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള ആഘോഷമാണ്. ഓര്‍മ വച്ച കാലം മുതല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഉത്സവവും ദീപാവലിയാണ്. ദീപങ്ങളുടെ മായിക പ്രകാശവും തിളക്കവും വെടിക്കെട്ടുമെല്ലാം എന്നില്‍ അത്ഭുതവും സന്തോഷവും നിറയ്ക്കുന്നതയായിരുന്നു.- ശുഭാംശു ശുക്ല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഭ്രമണപഥത്തില്‍ നിന്ന് നോക്കുമ്പോള്‍ മിന്നലുകള്‍ പ്രകൃതിയുടെ സ്വന്തം വെടിക്കെട്ടു പോലെയാണ് തോന്നിയത്. പ്രപഞ്ചത്തിനും പ്രകാശം ആഘോഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്ന അപ്രതീക്ഷിതവും മനോഹരവുമായ ഓര്‍മപ്പെടുത്തലുകളായിരുന്നു ആ ദൃശ്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.