ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ വിധിച്ച സംഭവത്തില്‍ നയതന്ത്ര ഇടപെടലിനൊരുങ്ങി ഇന്ത്യ. ശിക്ഷ വിധിച്ചവരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഖത്തര്‍ അധികൃതരില്‍ നിന്നും അവസരം തേടി. പ്രധാനമന്ത്രി വഴിയുള്ള ഇടപെടലും മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുന്നതും ഉള്‍പ്പെടെയുള്ള ഇരുവഴികളിലൂടെയുമുള്ള നീക്കമാണ് ഉദ്ദേശിക്കുന്നത്.
ഏഴ് ലക്ഷത്തിലധികം ഇന്ത്യാക്കാര്‍രാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഖത്തറുമായി നല്ല നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും ഖത്തര്‍ അമീറുമായുള്ള ചര്‍ച്ചകളും ഉണ്ടായേക്കും. ഇതിനൊപ്പം തന്നെ ജയിലില്‍ കഴിയുന്ന മുന്‍ നാവികര്‍ക്കുള്ള നിയമപരമായ ഇടപെടലിനും ഇന്ത്യ ശ്രമം നടത്തും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഇവരെ നേരത്തേ കാണുകയും വിവരം തേടുകയും ചെയ്തിരുന്നു. ഇനി ഇവരുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ഏതുതരത്തിലുള്ള ഇടപെടലുകള്‍ വേണമെന്ന് തീരുമാനിക്കും.
ഗള്‍ഫ് മേഖലയിലെ യുഎഇ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുമായും നല്ല ബന്ധം തുടരുന്ന ഇന്ത്യ അവര്‍ വഴിയുള്ള ഇടപെടലിനും ശ്രമം നടത്തും. എന്നാല്‍ ഖത്തര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധത്തിലല്ല എന്നതാണ് ഈ നീക്കത്തിനുള്ള പ്രതിസന്ധി. നിയമപരമായും നയതന്ത്രപരമായും രണ്ട് വഴികളിലൂടെ പ്രശ്‌നത്തെ സമീപിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരെ കാണാനാണ് ശ്രമം.
ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്ന കോടതിക്ക് മുകളില്‍ പരമോന്നത കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ കൂടി ഉള്ളതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനം. നാവികരെ രക്ഷിക്കാനുള്ള എല്ലാത്തരം നിയമസഹായവും ഇന്ത്യ ഇവര്‍ക്ക് നല്‍കും.
ഇസ്രയേലിനു വേണ്ടി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. എന്നാല്‍ ഖത്തറോ വിദേശകാര്യമന്ത്രാലയമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷ എന്ന് നടപ്പിലാക്കുമെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ സേനാ വിഭാഗങ്ങള്‍ക്ക് പരിശീലനവും മറ്റു സേവനങ്ങളും നല്‍കുന്ന ദഹ്റോബല് ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദര്‍ കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സുഭാഷ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, മലയാളിയായ സെയ്‌ലര്‍ രാകേഷ് എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്.
ഇതില്‍ പൂര്‍ണേന്ദു തിവാരി 2019 ല്‍ വിദേശ ഇന്ത്യക്കാര്‍ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്.