ചന്ദ്രയാന്‍ 3 ലാന്‍ഡിങിനിടെ ചന്ദ്രോപരിതലത്തില്‍ വലിയ ഗര്‍ത്തമുണ്ടായി; 2.06 ടണ്‍ പൊടി അകന്ന് മാറിയെന്ന് ഐഎസ്ആര്‍ഒ

 ചന്ദ്രയാന്‍ 3 ലാന്‍ഡിങിനിടെ ചന്ദ്രോപരിതലത്തില്‍ വലിയ ഗര്‍ത്തമുണ്ടായി; 2.06 ടണ്‍ പൊടി അകന്ന് മാറിയെന്ന് ഐഎസ്ആര്‍ഒ

ബംഗളുരു: ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ വലിയ ഗര്‍ത്തമുണ്ടായെന്നും പേടകം ഇറങ്ങിയ പോയിന്റില്‍ 108.4 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ പൊടി അകന്നു മാറിയെന്നും ഐഎസ്ആര്‍ഒ. 2.06 ടണ്‍ പൊടിയാണ് അകന്നു മാറിയത്. സോഫ്റ്റ് ലാന്‍ഡിങിന് മുന്‍പും ശേഷവും ഓര്‍ബിറ്റര്‍ ഹൈ റസലൂഷന്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഇത് കണ്ടെത്തിയത്.

ചന്ദ്രയാന്‍ 3 ദൗത്യം പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനില്‍ 14 ദിവസം നീണ്ടു നിന്ന പകലിന് ശേഷം ഇരുട്ട് വീണപ്പോള്‍ സ്ലീപ് മോഡിലേക്ക് പോയ പ്രഗ്യാന്‍ റോവറനെയും വിക്രം ലാന്‍ഡറിനെയും വീണ്ടും ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉയര്‍ന്ന റേഡിയേഷനും തണുപ്പും ബാറ്ററി റീചാര്‍ജിങിന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചന്ദ്രനില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മൈക്രോ മെറ്ററോയ്ഡ് പ്രതിഭാസവും ചന്ദ്രയാന്‍ 3 ന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാന്ദ്ര ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിക്കുന്ന ചെറിയ ഉല്‍ക്കാശിലകളാണിവ.

അമേരിക്കയുടെ അപ്പോളോ ഉള്‍പ്പെടെയുള്ള മുന്‍ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് മൈക്രോ മെറ്ററോയ്ഡ് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതിനിടെ ചന്ദ്രയാന്‍ ദൗത്യം തിരികെ എപ്പോള്‍ പ്രര്‍ത്തിച്ചു തുടങ്ങുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ജൂലൈ 14 നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ചന്ദ്രനിലെ താപനില, പ്രകമ്പനങ്ങള്‍, മൂലക സാന്നിധ്യം എന്നിങ്ങനെ നിരവധി വിലപ്പെട്ട വിവരങ്ങള്‍ ദൗത്യം കൈമാറി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.