കളമശേരി സ്ഫോടനം: പ്രതി വിദേശ സംഘടനകളെ ബന്ധപ്പെട്ടതായി കേന്ദ്ര ഏജന്‍സികള്‍; എന്‍.ഐ.എ അന്വേഷണം ദുബായിലേക്ക്

കളമശേരി സ്ഫോടനം: പ്രതി വിദേശ സംഘടനകളെ ബന്ധപ്പെട്ടതായി കേന്ദ്ര ഏജന്‍സികള്‍; എന്‍.ഐ.എ അന്വേഷണം ദുബായിലേക്ക്

യൂ ട്യൂബ് നോക്കി നിര്‍മിക്കാന്‍ കഴിയുന്നതരം ബോംബല്ല ഇതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ആദ്യ  ശ്രമത്തില്‍ തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിര്‍മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാള്‍ക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തല്‍.

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ വിദേശ രാജ്യത്തെ ചില സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഡൊമിനിക്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

സ്‌ഫോടനം ആസൂത്രണം ചെയ്തത് ദുബായില്‍ വെച്ചാണെന്ന് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മൊഴി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തടക്കം എന്‍.ഐ.എ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

യൂ ട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിച്ചതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിനൊപ്പം ദുബായില്‍ നിന്ന് തന്നെയാണ് ഇയാള്‍ ബോംബ് നിര്‍മാണം പഠിച്ചതെന്ന് ഉറപ്പിച്ച എന്‍.ഐ.എ ഈ സമയത്ത് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ദുബായിയില്‍ ഡൊമിനികിന്റെ പരിചയക്കാരില്‍ നിന്ന് പോലീസ് അന്വേഷണ സംഘം പ്രാഥമികമായി ശേഖരിച്ച വിവരങ്ങളും എന്‍.ഐ.എ പരിശോധിച്ചു.

സ്‌ഫോടനത്തിന്റെ തലേ ദിവസം രാത്രി മാര്‍ട്ടിന് ഒരു ഫോണ്‍ കോള്‍ വന്നതായി ഭാര്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ആരാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. നാളെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും തിരികെ വന്നശേഷം കാര്യം പറയാമെന്നുമായിരുന്നു മാര്‍ട്ടിന്‍ പറഞ്ഞതെന്നും മൊഴിയിലുണ്ട്. ഈ വിളിയെക്കുറിച്ചും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്.

നെടുമ്പാശേരി അത്താണിയിലെ ഫ്‌ളാറ്റില്‍ ഇന്നലെ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയറിന്റെ കഷണങ്ങള്‍, ബാറ്ററി, പെട്രോള്‍ വാങ്ങാന്‍ ഉപയോഗിച്ച കുപ്പികള്‍ എന്നിവ ലഭിച്ചു. ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ വച്ചാണ് ബോംബ് ഉണ്ടാക്കിയത്.

യൂ ട്യൂബ് നോക്കി നിര്‍മിക്കാന്‍ കഴിയുന്നതരം ബോംബല്ല ഇതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ആദ്യശ്രമത്തില്‍ തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിര്‍മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാള്‍ക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തല്‍.

ഒരു മാസം മുമ്പാണ് ഡൊമിനിക് വിദേശത്തു നിന്ന് നാട്ടിലെത്തിയത്. ഇതിനിടയില്‍ ബോംബുണ്ടാക്കാന്‍ പഠിച്ചെന്നത് അവിശ്വസനീയമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്‍.എസ്.ജിയുടെ ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്.

സ്ഫോടന സ്ഥലത്തെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഡൊമിനിക് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ഇ മെയിലുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണിലുള്‍പ്പെടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പരിശോധിക്കും.

സ്ഫോടനം നടന്ന ഞായറാഴ്ച കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ ഡൊമിനിക്കിനെ ഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പ്രതിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. കേസ് സ്വയം വാദിക്കാനുള്ള തീരുമാനത്തിലാണ് ഡൊമിനിക് മാര്‍ട്ടിന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.