ബംഗളൂരു: കര്‍ണാടകയില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഇന്നലെ നടത്താനിരുന്ന സെമിനാറിന് പൊലീസ് അനുമതി നിഷേധിക്കുകയും പരിപാടി നടത്താനിരുന്ന ബിഫ്റ്റ് ഓഡിറ്റോറിയം പൂട്ടിയിടുകയും ചെയ്തു.
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അനുമതി നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് നടത്താനിരുന്ന ലീഗല്‍ അവെയര്‍നെസ് പരിപാടിക്കും ബംഗളുരു ഫ്രീഡം പാര്‍ക്കില്‍ നടത്താനിരുന്ന പ്രതിഷേധ സംഗമത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. പാലസ്തീന്‍ സിനിമാ പ്രദര്‍ശനത്തിനും അനുമതി നല്‍കിയില്ല.
അതിനിടെ തുംകൂറില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്ത അഞ്ചോളം പേര്‍ക്കെതിരെ ഐപിസി 295 എ കുറ്റം ചുമത്തി. ഒക്ടോബര്‍ 16 ന് ബംഗളൂരു എം.ജി റോഡില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 25 പേര്‍ക്കെതിരെ കുറ്റപത്രവും രജിസ്റ്റര്‍ ചെയ്തു.
മുസ്ലീം നേതാക്കളും ഉലമാ ഗ്രൂപ്പും മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.