ന്യൂഡല്‍ഹി: അറ്റകുറ്റപണിക്കിടെ വിമാനത്തില്‍ നിന്നും വീണ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
നിര്‍ത്തിയിട്ടിരുന്ന വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്‌ള പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ റാംപ്രകാശിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.