ജമ്മു കാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; 19 പേര്‍ക്ക് പരിക്ക്

 ജമ്മു കാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ്  36 മരണം; 19 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ദോഡ ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.

JK 02CN 6555 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബട്ടോട്ട്-കിഷ്ത്വാര്‍ ദേശീയ പാതയില്‍ ട്രംഗല്‍ അസാറിന് സമീപം റോഡില്‍ നിന്ന് 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു.

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്നും പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ദോഡ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.