ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം കൂടുതല്‍ ഊര്‍ജിതമാക്കി. രക്ഷാ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തി.
അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദേഹം പറഞ്ഞു. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെ അതിനായി കൃത്യതയോടെ ജോലി ചെയ്യുന്നു. ഒമ്പത് ദിവസമായി കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും കൃത്യമായി നല്‍കാന്‍ കഴിയുന്നുണ്ടെന്നും അദേഹം പറഞ്ഞു.
തുരങ്കത്തില്‍ കുടുങ്ങിയവരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതായും അവരുടെ മാനസിക ധൈര്യം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായും ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയാലും നിര്‍ദേശം നല്‍കി.