ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കിടെയാണ് യുഎന്നിലെ പാക് പ്രതിനിധി മുനീര്‍ അക്രം കാശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ മുനീറിന്റെ പരാമര്‍ശങ്ങളെ തള്ളിക്കളയുകയും ചെയ്തു.
''എന്റെ രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി നടത്തിയ അനാവശ്യ പരാമര്‍ശത്തെ തള്ളിക്കളയുകയാണ്. ഒരു പ്രതികരണം നടത്തി അവരെ മഹത്വവത്കരിക്കാനില്ലെന്നും' ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ആര്‍.മധുസൂദന്‍ വ്യക്തമാക്കി.
യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധ നേടുന്നതിനായി പാകിസ്ഥാന്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. കാശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചിരുന്നു. കാശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണം നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് ആര്‍ട്ടിക്കിള്‍ 370 റദാക്കിയത്.