തുരങ്കത്തില്‍ കുടുങ്ങിയവര്‍ സമയം ചെലവഴിച്ചത് കള്ളനും പൊലീസും കളിച്ച്; അവര്‍ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് ദൗത്യ സംഘം

തുരങ്കത്തില്‍ കുടുങ്ങിയവര്‍ സമയം ചെലവഴിച്ചത് കള്ളനും പൊലീസും കളിച്ച്; അവര്‍ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് ദൗത്യ സംഘം

ഡെറാഡൂണ്‍: ഉത്തരാകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ ആശങ്കയുടെ മണിക്കൂറുകള്‍ പിന്നിട്ടത് ചീട്ടു കളിച്ചും കള്ളനും പൊലീസും കളിച്ചും. കുടുങ്ങിയ ഇടം കളിസ്ഥലമാക്കി ഇവര്‍ മാറ്റുകയായിരുന്നു. കെണിയിലെ മണിക്കൂറുകള്‍ നീണ്ട മാനസിക സമ്മര്‍ദം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഇതെന്ന് മെഡിക്കല്‍ എക്സ്പെര്‍ട്ടുകള്‍ പറയുന്നു.

മാനസീകാഘാതം ലഘൂകരിക്കാനും പിന്തിരിയല്‍ ചിന്തയിലേക്ക് നയിക്കാതിരിക്കാനും കുടുങ്ങിക്കിടക്കുന്ന വ്യക്തികള്‍ക്ക് അവശ്യ സാധനങ്ങള്‍ മാത്രമല്ല നല്‍കിയത്. വിനോദത്തിനായി കളിക്കാനുള്ള ഒരു കുത്ത് ചീട്ട്, ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും ആള്‍ക്കാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ചതച്ച പുകയില ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ ഖൈനി എന്നിവയും എത്തിച്ചു കൊടുത്തിരുന്നു.

തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് സമയം കൊല്ലാന്‍ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് തങ്ങള്‍ കള്ളനും പൊലീസും കളിക്കുമെന്നായിരുന്നു അവര്‍ നല്‍കിയ മറുപടിയെന്ന് തുരങ്കത്തിന്റെ പുറത്തുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. അവരെല്ലാം ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

അതേസമയം ഇത്രയും ദിവസം സൂര്യപ്രകാശം കാണാതിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട മാനസീക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും പറയുന്നു. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. തൊഴിലാളികളില്‍ നിന്ന് 10 മീറ്ററോളം അവശിഷ്ടങ്ങള്‍ വേര്‍തിരിച്ചതായിട്ടാണ് രക്ഷാപ്രവര്‍ത്തകരും പറയുന്നത്.
പുറത്ത് 41 ആംബുലന്‍സുകളാണ് തൊഴിലാളികളെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ നില്‍ക്കുന്നത്. ചിന്യാലിസൂരിലെ താല്‍കാലിക ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സജമായിട്ടാണ് നില്‍ക്കുന്നത്. ആശുപത്രിയില്‍ എത്തിയാലുടന്‍ ഇവരെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

നവംബര്‍ 12ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. ഇവര്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തിന് ഏകദേശം 8.5 മീറ്റര്‍ ഉയരവും രണ്ട് കിലോമീറ്റര്‍ നീളവുമുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഈ ഭാഗത്ത് വൈദ്യുതിയും ജലവിതരണവുമുണ്ട്. ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയും മണ്ണിന്റെ സ്വഭാവവും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.