ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് നിയമ സഭകളുടെ നിയമ നിര്‍മാണ അധികാരങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ബില്ലുകള്‍ തടഞ്ഞുവെച്ച് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ല.
നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലെ വിധിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണര്‍ക്കുള്ളത്. ഒന്നുകില്‍ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം.
ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്. അതേസമയം, മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്. അദേഹത്തിന് ഒരിക്കലും ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.