മുംബൈ ഭീകരാക്രമണത്തിന്റെ 15 വര്‍ഷം; വീരമൃത്യു വരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മഹാരാഷ്ട്ര

 മുംബൈ ഭീകരാക്രമണത്തിന്റെ 15 വര്‍ഷം; വീരമൃത്യു വരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മഹാരാഷ്ട്ര

മുംബൈ: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഗവര്‍ണര്‍ രമേഷ് ബെയ്‌സും. ദക്ഷിണ മുംബൈയിലെ പൊലീസ് കമ്മീഷണറുടെ ഓഫീസ് വളപ്പിലെ രക്തസാക്ഷി സ്മാരകത്തിലാണ് ഇരുവരും പുഷ്പാര്‍ച്ചന നടത്തിയത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ദീപക് വസന്ത് കേസാര്‍ക്കറും മംഗള്‍ പ്രഭാത് ലോധയും ഉള്‍പ്പെടെ നിരവധി മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. 2008 നവംബര്‍ 26 ന് കറാച്ചിയില്‍ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കര്‍ ഭീകരര്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് രണ്ട് ഭീകരര്‍ ട്രൈഡന്റിലും രണ്ട് പേര്‍ താജ് ഹോട്ടലിലും നാല് പേര്‍ നരിമാന്‍ ഹൗസിലും പ്രവേശിച്ചു. പത്ത് ലഷ്‌കര്‍ ഭീകരര്‍ നഗരത്തില്‍ അഴിഞ്ഞാടിയതോടെ ഭീകരാക്രമണങ്ങളുടെ പരമ്പരയ്ക്കായിരുന്നു മുംബൈ സാക്ഷ്യം വഹിച്ചത്.

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് ( സിഎസ്എംടി), താജ്മഹല്‍ പാലസ് ഹോട്ടല്‍, ഹോട്ടല്‍ ട്രൈഡന്റ്, നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണം.

അജ്മല്‍ കസബും ഇസ്മായില്‍ ഖാനും സിഎസ്എംടിയില്‍ വെടിവെപ് നടത്തി. പാക് ഭീകരരുടെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇവര്‍ കാമ ആശുപത്രിയിലേക്ക് നീങ്ങി. അശോക് കാംതെ, വിജയ് സലാസ്‌കര്‍, എന്നി പൊലീസ് ഉദ്യോഗസ്ഥരും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കറെയുമുള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പൊലീസ് ജീപ്പ് തട്ടിയെടുത്തു.

ഗിര്‍ഗാവ് ചൗപ്പട്ടിക്ക് സമീപം ഗാംദേവി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം ഭീകരരെ തടഞ്ഞു. വെടിവെപ്പില്‍ ഇസ്മായില്‍ ഖാന്‍ കൊല്ലപ്പെടുകയും കസബിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുക്കാറാം ഓംബാലെ എന്ന പൊലീസുകാരനാണ് അന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്. എന്നാല്‍ നവംബര്‍ 27ന് അന്ത്യ ഭീകരതയ്ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി. സൈനികരും മറൈന്‍ കമാന്‍ഡോകളും താജ് ഹോട്ടലും നരിമാന്‍ ഹൗസും ട്രൈഡന്റും വളഞ്ഞു. അകത്ത് പെട്ടുകിടക്കുന്ന ജനങ്ങളെ ബാച്ചുകളായി ഇവര്‍ പുറത്തെത്തിച്ചു.

നവംബര്‍ 28ഓടെ ട്രൈഡന്റ് ഹോട്ടലിലെയും നരിമാന്‍ ഹൗസിലെയും ഓപ്പറേഷനുകള്‍ അവസാനിച്ചു. നവംബര്‍ 29നാണ് എന്‍എസ്ജി എത്തി താജ് ഹോട്ടലില്‍ നിന്ന് ആളുകളെ മുഴുവനായി പുറത്തിറക്കിയത്. അതിനിടെ രാജ്യത്തിന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന എന്‍എസ്ജി കമാന്‍ഡോയെയും നഷ്ടമായി. അതേസമയം ഒന്‍പത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.