മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ മാരത്തണ്‍ ചര്‍ച്ചകളുമായി ബിജെപി കേന്ദ്ര നേതൃത്വം; രാജസ്ഥാനിലും ചത്തീസ്ഗഡിലും പുതുമുഖങ്ങള്‍ വന്നേക്കും

മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ മാരത്തണ്‍ ചര്‍ച്ചകളുമായി ബിജെപി കേന്ദ്ര നേതൃത്വം; രാജസ്ഥാനിലും ചത്തീസ്ഗഡിലും പുതുമുഖങ്ങള്‍ വന്നേക്കും

ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ബിജെപി കേന്ദ്ര നേതൃത്വം.

തുടര്‍ ഭരണം ലഭിച്ച സംസ്ഥാനങ്ങളില്‍ നിലവിലുള്ള മുഖ്യമന്ത്രി തന്നെ തുടരട്ടെയെന്ന ബിജെപിയുടെ പതിവ് തീരുമാനം നടപ്പായാല്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് മാറ്റമുണ്ടാകില്ല. രാജസ്ഥാനിലും ചത്തീസ്ഗഡിലും മുഖ്യമന്ത്രി പദവിയിലേക്ക് പുതുമുഖങ്ങളെ കണ്ടെത്താനാണ് നീക്കം.

വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചത് മോഡി പ്രഭാവം ആയതിനാല്‍ സംസ്ഥാന നേതാക്കള്‍ക്ക് വിജയത്തിന്റെ പൂര്‍ണ അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ല. തുടര്‍ ഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാന്‍ അനുവദിക്കുകയാണ് ബിജെപിയുടെ കീഴ് വഴക്കം. ഈ സാധ്യതയാണ് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ കാരണം.

ഇന്‍ഡോര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയയും മുഖ്യമന്ത്രി പദവിയിലേക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭോപ്പാല്‍ ദുരിത ബാധിതരെ സന്ദര്‍ശിച്ച് ശിവരാജ് സിങ് ചൗഹാന്‍ ചില ഉറപ്പ് അവര്‍ക്ക് നല്‍കിയത് പരോക്ഷമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദേഹം സ്വയം ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമാണെന്ന നിരീക്ഷണവുമുണ്ട്.

മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിങ് ഛത്തീസ്ഗഡിലും വസുന്ധരെ രാജെ സിന്ധ്യ രാജസ്ഥാനിലും വിജയിച്ചിട്ടുണ്ടെങ്കിലും ഇവരെ വീണ്ടും പരിഗണിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്.

കേന്ദ്രജല ശക്തി മന്ത്രി ഗജേന്ദ്ര ശെഖാവത്തിനെ രാജസ്ഥാനില്‍ മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് കൂടുതല്‍ താല്‍പര്യം. ഛത്തീസ്ഗഡില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവോ, കേന്ദ്ര മന്ത്രി രേണുക സിങ് എന്നിവരും പരിഗണനയിലുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

അതിനിടെ തെലങ്കാനയില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളില്ല. വിജയത്തിന്റെ അമരക്കാരന്‍ രേവന്ത് റെഡ്ഡി തന്നെയാണ് തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി പദത്തിലെത്തുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.