പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; പ്രധാന ബില്ലുകള്‍ ഇന്ന് മേശപ്പുറത്ത് വയ്ക്കും

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; പ്രധാന ബില്ലുകള്‍ ഇന്ന് മേശപ്പുറത്ത് വയ്ക്കും

ന്യൂഡല്‍ഹി: ബഹളത്തോടെ തുടക്കം കുറിച്ച് പാര്‍ലമെന്റ് ശീതകാല സമ്മേളനം. ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ടുവരെ പിരിഞ്ഞതിന് ശേഷം വീണ്ടും ആരംഭിച്ചു. സീറോ അവര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇരുസഭകളും പിരിഞ്ഞത്. പ്ലക്കാര്‍ഡുമായി സഭയിലെത്തിയ ബിഎസ്പി എംപി ഡാനിഷ് അലിയാണ് ബഹളങ്ങള്‍ക്ക് തുടക്കമിട്ടത്.

സഭയ്ക്കകത്ത് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയ ഡാനിഷ് അലിയോട് സഭയില്‍ നിന്ന് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നുണ്ടായ ബഹളത്തിന് പിന്നാലെ സ്പീക്കര്‍ സഭ 12 വരെ നിര്‍ത്തിച്ചു. 12 ന് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഖണ്ഡന ഉപക്ഷേപം കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സീറോ അവര്‍ തടസമില്ലാതെ നടന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന വിജയം നല്‍കിയ ആത്മ വിശ്വാസവുമായാണ് ഭരണപക്ഷം ഇന്ന് സഭയിലെത്തിയത്. സഭ തുങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയിലെത്തിയപ്പോള്‍ ഭരണ കക്ഷി അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഡെസ്‌കിലടിച്ച് അനുമോദിച്ചു.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനക്ക് വരുന്നത്. മൊഹുവാ മൊയ്ത്ര കേസില്‍ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് ലോക് സഭയില്‍ മേശപ്പുറത്ത് വക്കും.

കേന്ദ്ര ഫണ്ട് ദുര്‍വിനിയോഗത്തില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആരോപണം ഉന്നയിച്ചു. പിഎം പോഷന്‍ യോജനക്കായി അനുവദിച്ച 4000 കോടി രൂപ (ഉച്ചഭക്ഷണ പദ്ധതി) പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നും ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും അദേഹം സഭയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.