മിഷോങ്; ദുരിതം വിട്ടുമാറാതെ ചെന്നൈ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി, വ്യോമനിരീക്ഷണം നടത്താന്‍ രാജ്‌നാഥ് സിംഗ്

മിഷോങ്; ദുരിതം വിട്ടുമാറാതെ ചെന്നൈ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി, വ്യോമനിരീക്ഷണം നടത്താന്‍ രാജ്‌നാഥ് സിംഗ്

ചെന്നൈ: മിഷോങ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വിതച്ച ദുരിതത്തിന് അറുതിയാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും അവധി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി.

വെള്ളപ്പൊക്കം ഏറ്റവുമധികം ദുരിതം വിതച്ച പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിലെ മിക്കിയിടങ്ങളിലും ഇപ്പോഴും വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചിപുരം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ആറു പേര്‍ മരിച്ച ആറുമ്പാക്കത്ത് വെള്ളക്കെട്ടില്‍ അകപ്പെട്ട വീടുകളില്‍ നിന്ന് ആളുകളെ രക്ഷപെടുത്തി വരുന്നു. ചെന്നൈ പോലീസിന്റെയും കോര്‍പറേഷന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരികയാണിവിടെ.

പ്രളയം കനത്ത ദുരിതം വിതച്ച വളാച്ചേരി, തംബാരം എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഇപ്പോഴും പലായനം ചെയ്തുകൊണ്ടിരിക്കുന്നു. നാലു വശത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയദുരിതം തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ആരംഭിക്കാനിരുന്ന അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റംവരുത്തി ഉത്തരവായി. പ്രളയം സാരമായി ബാധിക്കാത്ത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് പ്രദേശത്തെ സാഹചര്യമനുസരിച്ച് പരീക്ഷ നടത്തുന്നതു തീരുമാനിക്കാം.

അതേ സമയം, സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിന് നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി നിലവിലെ വെള്ളം ഒഴുക്കികളയുന്നതിനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തി. അടിയന്തിര സഹായമായി 5060 കോടി രൂപ കേന്ദ്രസഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.

നിലവില്‍ പലയിടങ്ങളിലും കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഇതിനു പുറമെ വൈദ്യുതിബന്ധവും പലയിടങ്ങളിലും ഭാഗികമായും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇവ പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.