മധ്യപ്രദേശിലും ബുള്‍ഡോസര്‍ പ്രയോഗം: പത്ത് മാംസ വില്‍പന ശാലകള്‍ പൊളിച്ചു നീക്കി

മധ്യപ്രദേശിലും ബുള്‍ഡോസര്‍ പ്രയോഗം: പത്ത് മാംസ വില്‍പന ശാലകള്‍ പൊളിച്ചു നീക്കി

ഉജ്ജയിന്‍: മധ്യപ്രദേശില്‍ അനധികൃതമായി മാംസ വില്‍പന നടത്തിയതിന് പത്ത് കടകളും ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. പുതുതായി ചുമതലയേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് നടപടിക്ക് ഉത്തരവിട്ടത്.

തുറസായ സ്ഥലത്ത് മാംസ വില്‍പന തടയണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉജ്ജയിനിലെ നടപടി. പകല്‍ സമയത്താണ് ഉജ്ജയിനിലെ കടകള്‍ പൊളിച്ചു നീക്കിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കടകള്‍ അടച്ചുപൂട്ടുകയോ നടപടി നേരിടേണ്ടി വരികയോ ചെയ്യുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ചാണ് ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നീ മൂന്നു പേരുടെ വീടുകള്‍ പൊളിച്ചു നീക്കിയത്. ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര ഠാക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് റെയിന്‍. ഇയാളും മറ്റു ചില ആളുകളും ചേര്‍ന്ന് ഠാക്കൂറിനെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.

കേസില്‍ മറ്റു നാലു പേര്‍ക്കൊപ്പം റെയിനെയും അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യ സുരക്ഷാ നിയമപ്രകാരമുള്ള കേസടക്കം 14 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഭോപ്പാലിലെ ഹബീബ്ഗഞ്ജ് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും റെയിനിന്റെ പേരുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം കൈയ്യേറ്റ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതിനാലാണ് റെയിന്‍, ബിലാല്‍, അസ്ലം എന്നിവരുടെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഉച്ചഭാഷിണികള്‍ക്ക് മോഹന്‍ യാദവ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഉച്ചഭാഷിണികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

2005 ജൂലൈയിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളില്‍ (പൊതു അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ശബ്ദ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.