അറസ്റ്റ് ആൻഡ് ജയിൽ ഓപ്പറേഷൻ; അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ടെക്സാസ് ഭരണകൂടം

അറസ്റ്റ് ആൻഡ് ജയിൽ ഓപ്പറേഷൻ; അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ടെക്സാസ് ഭരണകൂടം

ടെക്സസ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ആയിരക്കണക്കിന് ആളുകൾ അതിർത്തിയിൽ അറസ്റ്റിൽ. അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ "അറസ്റ്റ് ആൻഡ് ജയിൽ" ഓപ്പറേഷൻ പ്രകാരം യു.എസ് - മെക്സിക്കോ അതിർത്തിയിൽ ഏക​ദേശം 10,000 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ടെക്സസ് അധികൃതർ അറിയിച്ചു.

കുടിയേറ്റം തടയാനായി ടെക്സസ് അടുത്തിടെ ഒരു നിയമം കൊണ്ടുവന്നിരുന്നു. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ നിയമം. കുടിയേറുന്നവരെ പുറത്താക്കാൻ പ്രാദേശിക ജഡ്ജിമാർക്ക് പുതിയ നിയമം അധികാരം നൽകും. പ്രസ്തുത നിയമം മാർച്ചിൽ പ്രാബല്യത്തിൽ വരും.

2021 ജൂലൈയിൽ ടെക്‌സസ് - മെക്‌സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം 1.2 ദശലക്ഷത്തിലെത്തിയപ്പോൾ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ടെക്സസ് സർക്കാർ ആരംഭിച്ചിരുന്നു. അതിക്രമിച്ചു കടക്കുന്നവരുടെ അറസ്റ്റ് വേഗത്തിൽ ഉണ്ടാകുമെന്ന് റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ട് അന്ന് പറഞ്ഞിരുന്നു.

ടെക്‌സാസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയാണ് അതിക്രമിച്ചുകടക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്, സംസ്ഥാനത്തിന്റെ അതിർത്തി ഓപ്പറേഷനിലൂടെ മാത്രം 37,000 പേർ അറസ്റ്റിലായി. പിടിയിലായവരിൽ സംഘാംഗങ്ങളും മനുഷ്യക്കടത്തുകാരും ലൈംഗിക കുറ്റവാളികളും മറ്റുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വക്താവ് എറിക്ക മില്ലർ പറഞ്ഞു. ഞങ്ങൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ, ഇവരെല്ലാം രാജ്യത്തേക്ക് തടസ്സമില്ലാതെ കടന്നുപോകുമായിരുന്നെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.