സൗത്ത് ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു; ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ മൂന്നാമത്തെ മരണം

സൗത്ത് ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു; ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ മൂന്നാമത്തെ മരണം

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. കടലില്‍ സര്‍ഫിങ് നടത്തുകയായിരുന്ന 15 വയസുകാരനാണ് കൊല്ലപ്പെട്ടത്. അഡ്ലെയ്ഡിന് പടിഞ്ഞാറ് യോര്‍ക്ക് ഉപദ്വീപിലെ എഥല്‍ ബീച്ചില്‍ പിതാവിനൊപ്പം സര്‍ഫിങ് നടത്തുകയായിരുന്ന ഖായി കൗലി എന്ന കൗമാരക്കാരനു നേരെയാണ് വെള്ള സ്രാവിന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

സൗത്ത് ഓസ്‌ട്രേലിയയിലെ യോര്‍ക്ക് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഇന്നസ് ദേശീയ ഉദ്യാനത്തിലെ പ്രശസ്തമായ സര്‍ഫിങ് കേന്ദ്രത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സ്രാവിന്റെ ആക്രമണമുണ്ടായ ഉടന്‍ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തി കുട്ടിയെ കടലില്‍നിന്നു വീണ്ടെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്ത് ഈ വര്‍ഷം മൂന്ന് പേരാണ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. കൗമാരക്കാരന്റെ മൃതദേഹം കരയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും ഇതിനു മുന്‍പ് സ്രാവ് ആക്രമിച്ചുകൊന്ന മറ്റു രണ്ടു പേരെ വീണ്ടെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.


ഖായി കൗലി (ഫയല്‍ ചിത്രം)

സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയര്‍ പീറ്റര്‍ മലിനൗസ്‌കാസ് മരണപ്പെട്ട ഖായിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ക്കാര്‍ നിരവധി പ്രതിരോധ മാര്‍ഗങ്ങള്‍ നോക്കുന്നുണ്ടെന്നും എന്നാല്‍ സൗത്ത് ഓസ്ട്രേലിയന്‍ ബീച്ചുകളുടെ സങ്കീര്‍ണത മൂലം അതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും മലിനൗസ്‌കാസ് പറഞ്ഞു.

സ്രാവുകള്‍ ഈ മേഖലയില്‍ എല്ലായ്പ്പോഴും ഉണ്ടെങ്കിലും അടുത്ത കാലത്തായി അവയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി 40 വര്‍ഷമായി ഈ ഭാഗത്ത് സര്‍ഫിങ് നടത്തുന്ന മാര്‍ട്ടി ഗുഡി പറഞ്ഞു.

കഴിഞ്ഞ മെയില്‍ അഡ്ലെയ്ഡിന് ഏകദേശം 365 കിലോമീറ്റര്‍ അകലെയുള്ള വാക്കേഴ്സ് റോക്ക് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ 46 വയസുകാരനായ അധ്യാപകന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ ഗ്രാനൈറ്റ്‌സ് ബീച്ചില്‍ 55 കാരനായ സര്‍ഫറും കൊല്ലപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടില്ല.

മനുഷ്യരുടെ ജനസംഖ്യാ വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നാശം, ജലത്തിന്റെ ഗുണനിലവാരത്തിലുണ്ടായ ഇടിവ് എന്നിവയൊക്കെ സ്രാവുകള്‍ തീരപ്രദേശത്തേക്കു വരാന്‍ കാരണമായിട്ടുണ്ടെന്ന് ഫ്‌ളിന്‍ഡേഴ്‌സ് സര്‍വകലാശാലയിലെ സ്രാവ് ഗവേഷകനായ പ്രൊഫ ചാര്‍ലി ഹുവനീര്‍ പറഞ്ഞു.

സ്രാവുകളുടെ ആക്രമണങ്ങള്‍ തടയാന്‍ മൂന്ന് മാര്‍ഗങ്ങളാണുളളത്. സ്രാവുകളും മനുഷ്യരും ഒരുമിച്ചുവരുന്നതു തടയാന്‍ നീന്തല്‍ വലയങ്ങള്‍ സ്ഥാപിക്കുക, ഷോക്ക് പുറപ്പെടുവിക്കുന്ന ഇലക്ട്രിക്കല്‍ ഡിറ്ററന്റ്ുകള്‍ സര്‍ഫറിന്റെ കൈവശം സൂക്ഷിക്കുക, സ്രാവിന്റെ കടി പ്രതിരോധിക്കുന്ന വെറ്റ്‌സ്യൂട്ട് ധരിക്കുക എന്നീ മാര്‍ഗങ്ങള്‍ പരീക്ഷിക്കാമെന്ന് പ്രൊഫ ചാര്‍ലി ഹുവനീര്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലും സ്രാവിന്റെ ആക്രമണത്തില്‍ കൗമാരക്കാരി കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.