കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം: ഏറ്റവും കുറവ് തുക കാര്‍ഷിക മന്ത്രാലയത്തിന്; കൂടുതല്‍ പ്രതിരോധത്തിന്

കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം: ഏറ്റവും കുറവ് തുക കാര്‍ഷിക മന്ത്രാലയത്തിന്; കൂടുതല്‍ പ്രതിരോധത്തിന്

പ്രതിരോധ മന്ത്രാലയത്തിന് 6.1 ലക്ഷം കോടി.
കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് 1.27 ലക്ഷം കോടി മാത്രം.


ന്യൂഡല്‍ഹി: കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഏറ്റവും കുറവ് തുക അനുവദിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയ്ക്കാണന്ന് ബജറ്റ് വിശദമായി വിശകലനം ചെയ്യുമ്പോള്‍ വ്യക്തം.

പ്രതിരോധ മന്ത്രാലയത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് 6.1 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് 1.27 ലക്ഷം കോടി രൂപ മാത്രമാണ് ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്. രണ്ടാമതുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് പ്രതിരോധ ഖേലയ്ക്കായി നീക്കി വച്ചിരിക്കുന്നത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് 2.78 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് 2.55 ലക്ഷം കോടി രൂപയും നിര്‍മല സീതാരാമന്‍ അനുവദിച്ചിട്ടുണ്ട്.

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് 2.13 ലക്ഷം കോടിയും ആഭ്യന്തര മന്ത്രാലയത്തിന് 2.03 ലക്ഷം കോടിയും ലഭിച്ചു. ഗ്രാമ വികസന മന്ത്രാലയത്തിന് 1.77 ലക്ഷം കോടി, രാസവളം മന്ത്രാലയത്തിന് 1.68 ലക്ഷം കോടി, വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് 1.37 ലക്ഷം കോടി എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ തന്നെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് പ്രധാനമായും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇടക്കാല ബജറ്റ് ബിജെപിയുടെ സാമ്പത്തിക പ്രകടന പത്രികയായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ഏകീകരണം, കടമെടുക്കല്‍, ഭാവി നികുതി നയം എന്നിവയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് വിപണിക്ക് സൂചനകള്‍ നല്‍കുന്നതാണ് ബജറ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.