ന്യൂഡല്‍ഹി: വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ളോറസിനേയും അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടു പോയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
'വെനസ്വേലയിലെ നിലവിലെ സംഭവ വികാസങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ എല്ലാവരും സംയമനം പാലിക്കണം'- വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്നലെ രാത്രി വൈകി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ സൈനിക സമുച്ചയത്തില്‍ യു.എസ് ഡെല്‍റ്റ ഫോഴ്‌സ് നടത്തിയ ആക്രമണത്തിനൊടുവിലാണ് പ്രസിഡന്റ് മഡുറോയും ഭാര്യ സിലിയയും പിടിയിലായത്.
വെനസ്വേലയില്‍ നിന്നുള്ള ലഹരി സംഘങ്ങള്‍ അമേരിക്കയിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കുന്നതിന് മഡുറോ ഒത്താശ ചെയ്തെന്നാരോപിച്ചാണ് നടപടി.
1989 ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക ഇടപെടലാണിത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മഡുറോയെ തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും.
സുരക്ഷിതവും സുതാര്യവുമായ ഭരണമാറ്റം സാധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്നും വെനസ്വേലന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത മറ്റാരെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും മഡുറോയുടെ അറസ്റ്റിന് പിന്നാലെ ഫ്ളോറിഡയിലെ മാര്‍ എലാഗോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.