നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണം: കേരളത്തിലെ ദേശീയപാത ഓവര്‍പാസുകള്‍ പില്ലറുകളില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണം: കേരളത്തിലെ ദേശീയപാത ഓവര്‍പാസുകള്‍ പില്ലറുകളില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകളില്‍ ഓവര്‍പാസുകള്‍ പില്ലറുകളില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റീ ഇന്‍ഫോഴ്സ് എര്‍ത്ത് വാള്‍ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളില്‍ ഓവര്‍പാസ് നിര്‍മിക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പലകോണില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഓവര്‍പാസുകള്‍ക്ക് സമീപമുള്ള മതിലുകള്‍ ഇടിഞ്ഞുവീഴുന്ന പ്രശ്നം ഉണ്ടായിരുന്നു. ഇത് വലിയ തോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആര്‍ഇ വാളുകള്‍ക്ക് പകരം പില്ലറുകളില്‍ ഓവര്‍പാസുകള്‍ അല്ലെങ്കില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഈ നിര്‍മാണ രീതിയ്ക്ക് ചെലവ് കൂടുമെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിര്‍മിക്കുന്ന എല്ലാ മേല്‍പ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളില്‍ നിര്‍മിക്കാനാണ് നിതിന്‍ ഗഡ്കരി അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാര്‍ച്ച് മാസത്തിനുള്ളില്‍ അന്തിമ അംഗീകാരം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.