കാട്ടാനയുടെ ആക്രമണം: പോളിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കാട്ടാനയുടെ ആക്രമണം: പോളിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ട വിഎസ്എസ് ജീവനക്കാരന്‍ പോളിന് ചികിത്സ വൈകിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ നിര്‍ദേശം.

അതേസമയം ചികിത്സാപ്പിഴവെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നുവെന്നും വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സിടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നത്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടും. റിപ്പോര്‍ട്ട് വന്നശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.